കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതായി വിവരം. കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ മുഴുവനായും കടലില്‍ പതിച്ചുവെന്നും കണ്ടെയ്നറുകളിലെ എണ്ണ കടലിൽ പടരുന്നതായും വിവരമുണ്ട്.കപ്പലില്‍ ഉണ്ടായിരുന്ന ക്യാപ്റ്റനേയും രണ്ട് ജീവനക്കാരേയും നാവിക സേനയുടെ ഐഎന്‍സ് സുജാതയിലേക്ക് മാറ്റി. തീര മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.
ശനിയാഴ്ചയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. ഇന്നലെ രാത്രിയോടെ 24 ല്‍ 21 ജീവനക്കാനേയും നാവികസേന രക്ഷിച്ചിരുന്നു. ക്യാപ്റ്റൻ അടക്കം മൂന്ന് പേരെ ഇന്ന് രാവിലെയാണ് രക്ഷിച്ചത്. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉള്ളതായാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
കടലില്‍ വീണ കണ്ടെയ്നറുകള്‍ എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം അടിഞ്ഞേക്കാമെന്നാണ് കെഎസ്ഡിഎംഎ പറയുന്നത്. ഇത്തരത്തില്‍ കണ്ടെയ്നറുകള്‍ കരയ്ക്കടിഞ്ഞാല്‍ ആളുകള്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് വിവരം അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.