സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും നക്സലുകൾ വരുമെന്നും കെ യു ജനീഷ് കുമാർ എംഎൽഎ ; വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തയാളെ എംഎൽഎ മോചിപ്പിച്ചു

പത്തനംതിട്ട ; കോന്നി ഫോറസ്റ്റ് സ്റ്റേഷനിലാണ് കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ രോഷ പ്രകടനം ഉണ്ടായത്. സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും ഇവിടെ നക്സലുകൾ വരുമെന്നും എംഎൽഎ ഭീഷണിപ്പെടുത്തി. കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്‌റ്റഡിയിൽ
എടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചു

കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളാർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന
സംശയത്തിലാണ് വനം വകുപ്പ് സ്ഥലം  പാട്ടത്തിനെടുത്ത ആളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ
വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.

കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസിൽ കർഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്ന് ജനീഷ് കുമാർ എംഎൽഎ പറയുന്നു. ഇയാളുടെ അറസ്റ്റിനുള്ള രേഖകൾ നൽകാൻ എംഎൽഎ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഒരു വശത്ത് ജനങ്ങൾ പ്രതിഷേധിച്ചു നിൽക്കുമ്പോൾ, മറുവശത്ത് പാവപ്പെട്ടവരെ ഒരു കാര്യവുമില്ലാതെ പിടിച്ചു കൊണ്ടുവരികയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി

‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ, തോന്നിയവാസം കാണിക്കരുത്, നീ ഒക്കെ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്തത്, എവിടെ അറസ്‌റ്റ് ചെയ്‌ത റിപ്പോർട്ട്’, തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ജനീഷ് കുമാർ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു