സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. തിരുവനന്തപുരത്തെപിറവി എന്ന വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുൺ.

ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.

1952-ൽ കൊല്ലം ജില്ലയിലെ കണ്ടച്ചിറയിലാണ് ഷാജി എൻ കരുൺ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ചു.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, തുടങ്ങി 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.