നടന്റെ പേര് പുറത്ത് വന്നതില്‍ അതൃപ്തിയുമായി നടി വിൻസി; നടന്‍റെയും സിനിമയുടെയും പേര് പറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നെന്ന് നടി

കൊച്ചി; ലഹരി ഉപയോഗിച്ച് സിനിമാ സെറ്റില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് നടി വിന്‍സി അലോഷ്യസ്. നടന്റെ പേരും സിനിമയുടെ പേരും പുറത്തു പറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നും വിന്‍സി പറഞ്ഞു. ”ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവന്‍ അതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കരുത്. അദ്ദേഹം അഭിനയിച്ച പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയ പരാജയങ്ങളെയും മറ്റുള്ളവരുടെ തൊഴിലിനെയും ഇത് ബാധിക്കരുതെന്ന് കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നത് ” – വിന്‍സി വ്യക്തമാക്കി.

”ആ സിനിമയുടെ ഷൂട്ടിങ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നത്. സിനിമയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് അത് ചെയ്യാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ല എന്ന നിലപാട് എടുത്തത്. എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐസിയുടെ മോണിറ്ററിങ് കമ്മിറ്റിയും സമീപിച്ചിരുന്നു” – വിന്‍സി പറഞ്ഞു

”ഈ വ്യക്തിയുടെ പേര് പറഞ്ഞിട്ടോ ആളുകളുടെ മുന്നിലിട്ടുകൊടുത്തിട്ടോ എനിക്കൊന്നും ആവേണ്ട. സിനിമാ സെറ്റില്‍ മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം എന്നത് മാത്രമാണ് എന്റെ ആവശ്യം. ഒരു ജോലി സ്ഥലത്ത് പുക വലിക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടാകും. എന്നാല്‍ സിനിമാ സെറ്റില്‍ അങ്ങനെയുള്ള സംവിധാനം ഒന്നുമില്ല. എല്ലാവരുടേയും മുമ്പില്‍വെച്ച് സിഗരറ്റ് വലിക്കുന്ന സ്വഭാവം നല്ലതല്ല. അതിന് ബ്രേക്ക് സമയം ഉപയോഗപ്പെടുത്താമല്ലോ” വിന്‍സി ചൂണ്ടിക്കാട്ടി