ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട മൊയ്നിൽ ഹഖിനെ (31) ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പോലീസാണ് പിടികൂടിയത്.
ഇൻസ്പെക്ടർ എം പി ആസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് കടയുടമയെ ഇയാൾ വെടി വെച്ചത്.
തുടർന്ന് നാട് വിട്ട് കണ്ണൂരിൽ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയിൽ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികൾക്കൊപ്പം താമസം തുടങ്ങി. ഇവർക്കൊപ്പം ചെമ്പിലോട് പഞ്ചായത്ത് പരിധിയിൽ ഒരു വീടിൻ്റെ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടു വരികയായിരുന്നു പ്രതി.
ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് അസം പോലീസ് ഇന്നലെ കണ്ണൂരിലെത്തിയത്. ഇയാളെ പിടികൂടാന്‍ പിന്നാലെ ചക്കരക്കല്ല് പോലീസിൻ്റെ സഹായം തേടുകയായിരുന്നു. ചക്കരക്കല്ല് പോലീസ് വീട് നിർമാണം നടക്കുന്ന ചെമ്പിലോട്ടെ സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കണ്ണൂരിലെ താമസ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.