വഴി തടഞ്ഞ കേസിൽ നേതാക്കൾ കൂട്ടത്തോടെ ഹൈക്കോടതിയില്‍ ഹാജരായി ; എം വി ഗോവിന്ദന്‍ മറ്റന്നാൾ ഹാജരാകണം, നേതാക്കൾക്ക് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി:
LDF നേതാക്കളായ
എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വികെ പ്രശാന്ത്, വി ജോയ്, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം കോൺഗ്രസ് നേതാക്കളായ ടി ജെ വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരാണ് ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്.
റോഡില്‍ വഴി തടഞ്ഞ് സമരങ്ങള്‍ നടത്തിയതിനെ തുടർന്നുള്ള കോടതിയലക്ഷ്യ കേസിലാണ് നേതാക്കൾ കൂട്ടത്തോടെ കോടതിയിൽ ഹാജരായത്.
ഇന്ന് ഹാജരാകാത്ത എം വി ഗോവിന്ദന്‍ ഹൈക്കോടതിയില്‍ ബുധനാഴ്‌ച 4 മണിക്ക് ഹാജരാകണം. മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഇനി ഹാജരാകേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു

വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിന് വേണ്ടി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനാണ് സിപിഎം നേതാക്കള്‍ ഹാജരായത്. സ്കൂൾ വാഹനങ്ങളടക്കം ​ഗതാ​ഗ​തക്കുരുക്കിൽപ്പെട്ടതോടെ സംഭവം വിവാദമാവുകയും കേസെടുക്കുകയുമായിരുന്നു. പിന്നാലെ കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും റോഡില്‍ സമരം ചെയ്തതിനാണ് കോടതി നിര്‍ദ്ദേശ പ്രകാരം കോൺഗ്രസ്, സിപിഐ നേതാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. ഇതിന്‍റെ തുടര്‍ച്ചയായാണ് നേതാക്കള്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് ഹാജരായത്.
നേതാക്കള്‍ക്കെതിരെഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
”സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്,
പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ല, പൊതുജനങ്ങൾക്ക് നടക്കാനുള്ള വഴിയിൽ സ്റ്റേജ് കെട്ടുന്നത് അനുമതിയില്ലാതെയാണ്. രാഷ്ട്രീയ പാർട്ടികൾ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല”
ഇങ്ങനെ ചെയ്താല്‍ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും ഹൈക്കോടതിയിൽ ഹാജരായിരുന്നു. പോലീസിന്‍റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്നും അധിക സത്യവാങ്ങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു . നിരുപാധികം മാപ്പപേക്ഷ നൽകിയതുകൊണ്ട് മാത്രമായില്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തിഗത സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു