നടന്നത് 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ; അന്വേഷണം ക്രൈംബ്രാഞ്ചിന്, അനന്തു സ്ത്രീകളെ പറ്റിച്ചത് മോഹന വാഗ്ദാനങ്ങൾ നൽകി. കണ്ണൂരിൽ നിന്ന് മാത്രം രണ്ടായിരത്തോളം പരാതികൾ

കണ്ണൂര്‍; പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത്
അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ
വിവിധ പദ്ധതികളുടെ പേരില്‍ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്

അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ
കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് അനന്തുവിനെതിരെ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 2000 പരാതികളാണ് ഇവിടെ നിന്നും ലഭിച്ചത്. ഇടുക്കിയില്‍ 350, തിരുവനന്തപുരത്ത് 8, പാലക്കാട്ട് 11 പരാതികളുമാണ് നിലവില്‍ അനന്തുവിനെതിരെയുള്ളത്. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് വിലയിരുത്തല്‍.
പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
അനന്തുവിന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് കോടി രൂപ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്.
ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. കേസില്‍
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്
കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസിലാണ്
പ്രതി ചേര്‍ത്തത്
അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ 7 പ്രതികളുള്ള കേസില്‍
ലാലി വിന്‍സെന്റ്
ഏഴാം പ്രതിയാണ്

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.
സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്