ഗോപന്‍ സ്വാമിയുടെ സമാധി കേസ്; കല്ലറ പൊളിക്കുന്നത് തടഞ്ഞു, സംഘർഷത്തെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ‘സമാധി’യിരുത്തിയ ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാന്‍ എത്തിയ പോലീസിനെ തടഞ്ഞ് കുടുംബവും ഒരു വിഭാഗം നാട്ടുകാരും. ഇതോടെ കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനമായത്. കുടുംബത്തെക്കൂടി കേട്ട് വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തി വെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്ന് മടങ്ങി. ഗോപന്‍ സ്വാമിയെ കാണാന്‍ ഇല്ലെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ്, സ്വാമി സമാധി ആയെന്ന് പറയുന്ന കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്

കല്ലറ പൊളിക്കുന്നതില്‍ നാട്ടുകാരും ഹൈന്ദവ സംഘടനാ പ്രവർത്തകരും തമ്മിൽ രാവിലെ മുതല്‍ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷാവസ്ഥ ഉണ്ടായി. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബം പൂജ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാന്‍ പാടില്ലെന്നുമാണ് ഒരു വിഭാഗം വാദിച്ചത്

സമാധിപീഠം ഒരു കാരണവശാലും പൊളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെയും നിലപാട്. പോലീസ് കല്ലറ പൊളിക്കാനുള്ള നടപടി തുടങ്ങിയ ഉടന്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും സമാധി പീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തെത്തി.
ഒടുവില്‍ കുടുംബാംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റിയാണ് പോലീസ് സംഘം സമാധി പീഠം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്