ADMന്‍റെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം.. ദിവ്യ സിപിഎം നേതാവ് ആയതുകൊണ്ട് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് മഞ്ജുഷ കോടതിയില്‍

കൊച്ചി ; കണ്ണൂര്‍ എ.ഡി.എം നവീൻ ബാബുവിന്‍റേത് കൊലപാതകമാകാമെന്ന സംശയം ഉന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസംബർ ആറിന് ഹാജരാക്കണമെന്നാണ് കോടതി നിർദേശം. ഡിസംബർ 9ന് കേസിൽ വിശദവാദം കേൾക്കും
ഇപ്പോൾ നടക്കുന്ന SIT അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം
സി ബി ഐക്ക് കൈമാറണമെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ
ആവശ്യപ്പെട്ടു

യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ആരെല്ലാം സന്ദർശിച്ചു എന്നത് കണ്ടെത്താന്‍ അന്വേഷണ സംഘം കാര്യമായി ശ്രമിച്ചിട്ടില്ലെന്ന് ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. കളക്ട്രേറ്റ് പരിസരത്തേയും റെയിൽവെ സ്റ്റേഷനിലെയും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാകും. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഈ ദൃശ്യങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് മഞ്ജുഷ കോടതിയെ അറിയിച്ചു

പി.പി ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. വകുപ്പുതല പരിപാടിയായ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. യോഗത്തിൽ അവർ നവീൻ അഴിമതിക്കാരനാണെന്നും പതിവായി കോഴ വാങ്ങുന്ന ആളാണെന്നും വ്യാജ ആരോപണമുന്നയിച്ചു. ഇത് റെക്കാഡ് ചെയ്യാൻ ക്യാമറമാനെ കൊണ്ടു വരികയും ദൃശ്യങ്ങൾ
പത്തനംതിട്ട ജില്ലയിലടക്കം
പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിലും കാര്യമായ അന്വേഷണം നടത്തിയില്ല. കേസിലെ പ്രതിയായ ദിവ്യ സിപിഎം നേതാവാണ്. അതിനാല്‍ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
നവീൻ ബാബു കോഴ വാങ്ങിയെന്നാരോപിച്ച പെട്രോൾ പമ്പ് അപേക്ഷകൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ ആരോപിക്കുന്നു