5 പേരുടെ ജീവനെടുത്ത കല്ലടിക്കോട് അപകടം; കാര്‍ അമിത വേഗതയിലെന്ന് പോലീസ്, മദ്യക്കുപ്പികൾ കണ്ടെടുത്തു

പാലക്കാട്: നാടിനെ നടുക്കിയ കല്ലടിക്കോട് അപകടത്തിൽ കാർ അമിത വേഗതയില്‍ ആയിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ വിഘ്‌നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പൻകാവിന് സമീപം വെച്ച്, കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മരിച്ച അ‍ഞ്ചു പേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്.

പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാള്‍. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് സാഹസികമായി യാത്രക്കാരെ പുറത്തെടുത്തത്.
കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികളും പറയുന്നു. സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോവുകയായിരുന്നു കാറിലുള്ളവർ എന്നാണ് അറിയുന്നത്.