കോഴിക്കോട് : നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. സുരേഷ് ഗോപിയുടെ അഭിഭാഷകനായ ബി എൻ ശിവശങ്കരൻ അറിയിച്ചതാണിത്. സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് അഡ്വ. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേസ് വീണ്ടും ജനുവരി 17നും പരിഗണിക്കും. അതിനു മുമ്പ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഹാജരായി. നേരത്തെ മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മുൻകൂർ ജാമ്യ നടപടികൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയിൽ ഹാജരായത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. പക്ഷേ മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകുകയായിരുന്നു.