‘ദിവ്യക്കെതിരെ കേസെടുക്കണം’ ; പരാതി നൽകി എഡിഎമ്മിന്‍റെ കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയില്‍ സഹോദരൻ പൊലീസിൽ പരാതി നൽകി. പി പി ദിവ്യ
നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും സഹോദരന്‍ പ്രവീൺ ബാബു പരാതിയിൽ ആവശ്യപ്പെട്ടു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്‍റെ മരണത്തിലെ ദുരൂഹത നീക്കണം. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

അതിനിടെ പ്രവീൺ ബാബുവിൻ്റെ സംസ്കാരം നാളത്തേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെയാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം. കാസർഗോഡ്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ പരിയാരം ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യക്കെതിരെ പ്രതിഷേധം ഇന്നും ശക്തമാണ്. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോര്‍പ്പറേഷന്‍ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്. പത്തനംതിട്ട മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും നടന്നു വരുന്നു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. വീടിന് മുന്നിൽ ഡി വൈ എഫ് ഐ കാവൽ നിൽക്കുകയാണ്.
കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിന് സമീപം നിയോഗിച്ചിട്ടുണ്ട്. അതേ സമയം വിഷയത്തിൽ ഇതു വരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല. മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തിരിക്കുകയാണ്. അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്