തൂണേരി ഷിബിൻ വധക്കേസ്; 6 പ്രതികൾക്ക് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ പ്രവർത്തകനായ 19കാരന്‍ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ്
പ്രതികൾക്ക് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചത്.

കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ഇപ്പോൾ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രതികൾ കുറ്റക്കാരല്ലെന്ന വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ വിദേശത്താണ്. വിചാരണ കോടതി വിട്ടയച്ചതിനെത്തുടർന്ന് പ്രതികൾ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. കേസിലെ മൂന്നാം പ്രതിയായിരുന്ന അസ്ലം കൊല്ലപ്പെട്ടിരുന്നു. പ്രതികളായ ആറു പേരെ ദുബായിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതിയിൽ ഹാജരാകാൻ പ്രതികൾ നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്.
ഒന്നാംപ്രതി തെയ്യമ്പാടി ഇസ്മയിൽ കിഴടങ്ങിയിട്ടില്ല.

2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിനും സുഹൃത്തും ബൈക്കിൽ വരികയായിരുന്നു. വെള്ളൂർ സ്കൂളിന് സമീപം തടഞ്ഞു നിർത്തിയാണ് സംഘം ആക്രമിച്ചത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും പ്രോസിക്യൂഷനും നൽകിയ അപ്പീലിലാണ് 17 പ്രതികളിൽ എട്ട് പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഇതിൽ 6 പ്രതികളാണ് ഇന്നലെ രാത്രി വിദേശത്ത് നിന്നെത്തിയത്.