സ്കൂട്ടർ തിരികെ നൽകിയാൽ വേറെ വാഹനം നൽകാം; കള്ളനോട് യുവാവിന്റെ അപേക്ഷ.. ‘അമ്മയുടെ അവസാന ഓർമ്മയാണത്’

സ്കൂട്ടർ മോഷ്ടിച്ച കള്ളനോട് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുമായി യുവാവ്. മഹാരാഷ്ട്രയിലെ
അഭയ് ചൗഗുലെ എന്ന യുവാവാണ് അമ്മയുടെ അവസാന ഓർമ്മയാണ് സ്കൂട്ടറെന്നും അത് തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് പ്ലക്കാർഡുമായി നഗര വീഥിയിൽ ഇറങ്ങിയത്. മറാത്തി ഭാഷയിൽ എഴുതിയ പ്ലക്കാർഡും ഉയർത്തിപ്പിടിച്ച് നിൽക്കുന്ന യുവാവിന്റെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്.

“എന്‍റെ ആക്ടീവ മോഷ്ടിച്ച കള്ളനോട് വിനീതമായി ഒരു അഭ്യർത്ഥന, ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ അത് വാങ്ങിയത്. എന്‍റെ അമ്മയുടെ അവസാന ഓർമ്മയാണ് ആ സ്കൂട്ടർ. തിരികെ നൽകിയാൽ നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ പുതിയ സ്കൂട്ടർ വാങ്ങി നൽകാം. ദയവ് ചെയ്ത് അമ്മയുടെ വാഹനം തിരികെ നൽകണം” ഇതാണ് പ്ലക്കാർഡിലുള്ള വരികൾ.

ക്യാൻസർ രോഗബാധിതയായിരുന്ന ഇയാളുടെ അമ്മ മൂന്നു മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. രണ്ടു വർഷം മുൻപ് കോവിഡ് കാലത്ത് അച്ഛനും മരണപ്പെട്ടു. അമ്മയുടെ ഓർമ്മയായ സ്ക്കൂട്ടറാണ് മോഷ്ടാവ് അപഹരിച്ചത്. കറുപ്പ് നിറത്തിലുള്ള MH14BZ6036എന്ന ആക്ടീവ സ്കൂട്ടർ ആണ് മോഷ്ടിക്കപ്പെട്ടത്.ദസറ രാത്രിയിൽ കോ ത്യൂഡിൽ നിന്നാണ് കളവ് പോയത്. സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9766617464 എന്ന നമ്പറിലോ അല്ലെങ്കിൽ @abhayanjuu എന്ന ഐഡിയിലോ ബന്ധപ്പെടണമെന്നും യുവാവ് ആവശ്യപ്പെട്ടു.