മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂരപീഡനം; അധ്യാപിക അറസ്റ്റില്‍

മട്ടാഞ്ചേരി : പ്ലേ സ്കൂൾ അധ്യാപിക മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതി. ചോദ്യത്തിന് കുട്ടി ഉത്തരം നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മിയാണ് (35) ചൂരൽ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി തല്ലിയത്. മട്ടാഞ്ചേരി പാലസ് റോഡില്‍ പ്ലേ സ്കൂളിലെ അധ്യാപികയാണ് സീതാലക്ഷ്മി.

കുട്ടിയുടെ പുറത്ത് ചൂരലിന്റെ പാടുകൾ വീണിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ഇക്കാര്യം കുട്ടിയുടെ വീട്ടുകാർ അറിഞ്ഞത്. പെട്ടെന്ന് തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിന് വിവരം നൽകിയത്. ഇതേ തുടർന്ന് മട്ടാഞ്ചേരി പോലീസ് സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തു. താൽക്കാലിക അധ്യാപികയായ സീതാലക്ഷ്മിയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ പേടി കാണിച്ചിരുന്നു. മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു.