തിരുവനന്തപുരം: പി.വി അൻവർ നിരന്തരമായി ഭരണപക്ഷത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്കിടയിൽ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും നിയമസഭയിലേക്ക് അൻവർ ഇന്ന് എത്തില്ല.
നിയമസഭയിലെ അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഐഎം പാർലമെന്‍ററി കാര്യ സെക്രട്ടറി ടി രാമകൃഷ്ണൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്നാണ് അൻവറിന്റെ നിലപാട്. “താൻ പ്രതിപക്ഷ ഭാഗം അല്ലെന്നും ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു
”നിയമസഭയിൽ നിലത്തും തറയിലും ഇരിക്കാമല്ലോ. നല്ല കാർപെറ്റ് ആണ് . തോർത്തുമുണ്ട് കൊണ്ടു പോയാൽ മതി. തറയിൽ ഇരിക്കാനും തയ്യാറാണ് . ഞങ്ങടെ വോട്ടു വാങ്ങി ജയിച്ചു എന്നാണ് പാർട്ടി ജില്ല സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയിൽ ഇരിക്കാൻ എനിക്ക് യോഗ്യത ഉണ്ടാവില്ല.കുറച്ച് വോട്ട് എൻറെയും ഉണ്ടല്ലോ.എൻറെ വോട്ടിന് അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ തറയിൽ മുണ്ടു വിരിച്ചിരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നു കൊള്ളാം”.
കണ്ണൂരിലെ ഏറ്റവും പ്രബലനായ ഒരു സിപിഎം നേതാവ് തന്നോടൊപ്പം ആണ്. പക്ഷെ അത് പി ജയരാജനല്ല,
മറ്റ് സിപിഎം എംഎൽഎമാരും സംസാരിക്കുന്നുണ്ട്. MLA എന്ന മൂന്നക്ഷരത്തിൽ തന്നെ തളച്ചിടാനാവില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
പി ശശി വക്കിൽ നോട്ടീസ് അയച്ചുതമായി ബന്ധപ്പെട്ട ചോദ്യത്തിന് അൻവർ മറുപടി നൽകിയത് വക്കിൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാൽ മറുപടി കൊടുക്കാമെന്നുമാണ്. താൻ കൊടുത്ത പരാതി പാർട്ടിക്കാണ്. അത് പൊട്ടിച്ചു നോക്കിയിട്ടുണ്ടോ എന്നറിയില്ല. പൊട്ടിച്ചു നോക്കിയിട്ടുണ്ടെങ്കിൽ പരാതിയിൽ കഴമ്പില്ല എന്ന് പാർട്ടി സെക്രട്ടറി പറയില്ലായിരുന്നുവെന്നും അൻവർ പറഞ്ഞു.