കേസെടുത്തതിൽ സങ്കടമുണ്ട്, എന്നാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് മനാഫ്

അർജുന്റെ സഹോദരി നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുത്തതിൽ സങ്കടമുണ്ടെന്നും അർജുന്റെ കുടുംബത്തിനൊപ്പം തന്നെ നിൽക്കുമെന്നും ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
“അവരെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കെതിരെ എന്താണ് പരാതി എന്നും അറിയില്ല. ഈ നിമിഷം വരെ ആ കുടുംബത്തിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. തന്‍റെ യൂട്യൂബ് ചാനൽ എല്ലാവർക്കും ലഭ്യമാണല്ലോ..? അതിൽ എന്താണ് അവർക്കെതിരെ പറഞ്ഞിട്ടുള്ളത് “.

അർജുന്റെ സഹോദരിയായ അഞ്ജു നൽകിയ പരാതിയിലാണ് മനാഫിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. സമൂഹത്തിൽ ചേരിതിരിവും കലാപവും ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പ് ചുമത്തിയാണ് കേസ്. കൂടാതെ കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്തു എന്നും എഫ് ഐ ആറിൽ പറയുന്നു.

മനാഫിന്റെ യൂട്യൂബ് ചാനൽ അർജുനെ കണ്ടെത്തിയ ശേഷം ഉപയോഗിച്ചിട്ടില്ലെന്ന് മനാഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 10,000 സബ്സ്ക്രൈബേഴ്സ് മാത്രം ഉണ്ടായിരുന്ന ചാനൽ അര്‍ജുന്‍റെ കുടുംബത്തിന്‍റെ പത്രസമ്മേളനത്തിന് ശേഷം ഇപ്പോൾ രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സിൽ എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനൽ ഉപയോഗിക്കേണ്ട എന്നാണ് കരുതിയത്. പക്ഷേ ഇനി ചാനൽ തുടരുമെന്നും മനാഫ് പറഞ്ഞു.

“യൂട്യൂബ് ചാനലിൽ അവർക്കുണ്ടായ ബുദ്ധിമുട്ട് അർജുന്റെ ഫോട്ടോ വച്ചു എന്നുള്ളതാണ്. അത് ഞാൻ മാറ്റി. ഇനി അക്കാര്യം പറയേണ്ട ആവശ്യമില്ല. അർജുന്റെ വിഷയം ഇത്ര വലിയ നിലയിൽ കൊണ്ടു വന്നതും ജനശ്രദ്ധയിലേക്ക് എത്തിച്ചതും മാധ്യമ പ്രവർത്തകരാണ്. മനാഫ് ചെയ്തതിനേക്കാൾ ജോലി ചെയ്തത് മാധ്യമ പ്രവർത്തകരാണ്. മൂന്നു ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നിന്നു പോയി. ഈ ഘട്ടങ്ങളിൽ മാധ്യമപ്രവർത്തകർ ഇല്ലാത്ത സമയത്ത് അവർ തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ. എന്തെങ്കിലും പുതിയ വിവരം വന്നാൽ അപ്ഡേറ്റ് ചെയ്യാൻ വേണ്ടിയായിരുന്നു അത്. ഞാൻ പലപ്പോഴും അവിടെ ഏകനായിരുന്നു. എനിക്ക് ജനങ്ങളോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അതിൽ ഇടാം എന്നൊരു തോന്നലും ഉണ്ടായിരുന്നു ” ഇതായിരുന്നു മനാഫ് പറഞ്ഞത്.