ടെൽ അവീവ് : അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേലിനെതിരെ ഇറാന്‍ മിസൈൽ ആക്രമണം നടത്തിയത്. 250ലധികം മിസൈലുകൾ ഇറാൻ ഇസ്രയേലിലേക്ക് തൊടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചടിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ഉദ്ധരിച്ചുകൊണ്ട് ഐആർഎൻഎ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്മയിൽ ഹനിയ, ഹസൻ നസറുളള എന്നിവരുടെ രക്തസാക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആർജിസി വ്യക്തമാക്കി.
ഇറാൻ ഇസ്രയേയിലെ ടെൽ അവീവിൽ ഉൾപ്പടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരികരിച്ചിട്ടുണ്ട്. ജനങ്ങളെയെല്ലാം ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ഐഡി എഫ് സാമൂഹ്യ മാധ്യമമായ എക്സിലൂടെ അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള അക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ, ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യൻ വംശജരോടും അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങാനും സുരക്ഷിത സ്ഥാനങ്ങളിൽ നിലയുറപ്പിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ജോർദാനിലും മിസൈൽ ആക്രമണം ഉണ്ടായതായും,
അതിശക്തമായ ആക്രമണമാണ് നടന്നതെന്നും ഇസ്രായേലിലുള്ള മലയാളികൾ പ്രതികരിച്ചു.
അമേരിക്ക ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
” ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ ഇറാൻ ഒരുങ്ങുന്നു എന്നതിന്‍റെ സൂചനകൾ അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ആക്രമണത്തിനെ പ്രതിരോധിക്കാനുള്ള എല്ലാ പിന്തുണയും ഞങ്ങൾ ഇസ്രായേലിന് നൽകുന്നു. ഇസ്രായേലിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം ഇറാന്‍ നടത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും” മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎഫ്‌പിഅറിയിച്ചു
ഇസ്രായേലിലെ മിസൈൽ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. ഇസ്രായേലിനെ സഹായിക്കാനുള്ള അമേരിക്കൻ നടപടികൾ ചർച്ച ചെയ്തു. അതേസമയം ആഴ്ചകളായി ലെബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ് ബുല്ലാ തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. നസ്റല്ല കൊല്ലപ്പെട്ടതിനു പിന്നാലെ ഹിസ്ബുല്ലയുടെ ഉപ നേതാവ് നയിം കാസെം ഇസ്രായേലുമായി ഒരു നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് പ്രതിജ്ഞ എടുത്തിരുന്നു. അതിനിടെ ആക്രമണം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിട്ടുണ്ട്.