വൈകാതെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് ; സിപിഎമ്മിൽ ചേർന്നവർക്കെല്ലാം രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടു

തിരുവനന്തപുരം : മമ്മൂട്ടി സിപിഎം ബന്ധം വൈകാതെ ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  ഫെയ്സ്ബുക്കിൽ കുറിച്ചു. നിലവിൽ കൈരളി ടിവി ചെയർമാനായ മമ്മൂട്ടിയെ സിപിഎം അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെങ്കിലും മാന്യമായ പരിഗണന നൽകിയിട്ടില്ല. മമ്മൂട്ടിക്ക് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാരംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു.

മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്.
മഞ്ഞളാംകുഴി അലി മുസ്ലിം ലീഗിൽ ചേരുകയും പിന്നീട് സംസ്ഥാന മന്ത്രിയാകുകയും ചെയ്തു. ബിജെപിയിൽ ചേർന്ന അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയുമായി . കെ.ടി. ജലീൽ ആകട്ടെ അൻവറിന്റെ പാത പിന്തുടരുമെന്ന കാര്യത്തില്‍ തീർച്ചയാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിൽ ചേർന്നവർക്ക് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു.