തിരുപ്പതി ലഡു വിവാദം; വ്യക്തമായ തെളിവുകൾ ഇല്ലാതെ എന്തിന് പരസ്യ പ്രസ്താവന, സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദത്തിൽ ആന്ധ്ര സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയ ഗുണനിലവാരം ഇല്ലാത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് സുപ്രീം കോടതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ചോദിച്ചു. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ ഇല്ലാതെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കേണ്ട ആവശ്യകത എന്താണെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുഖ്യമന്ത്രിയോട് ചോദിച്ചു. ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും കോടതി പറഞ്ഞു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാര്‍ത്ഥ് ലൂത്രയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രഥമദൃഷ്ട്യാ ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല എന്നും കോടതി നിരീക്ഷിച്ചു. ഹാജരാക്കാൻ വ്യക്തമായ തെളിവൊന്നും ഇല്ലാതിരിന്നിട്ടും ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ അത് അന്വേഷണത്തെ എത്തരത്തിൽ ബാധിക്കുമെന്ന് ചിന്തിക്കേണ്ടേ എന്നും കോടതി വിമർശിച്ചു. ഒക്ടോബർ 3 ന് കേസ് വീണ്ടും പരിഗണിക്കും.