അർജുൻ ഇനി ഓർമ്മ.. സംസ്കാരം അല്പസമയത്തിനകം അന്ത്യാഞ്ജലി അർപ്പിച്ച് കേരളം

മലയാളികൾ ഏറെ മനസ്സുരുകി തിരിച്ചു വരവിനായി പ്രാർത്ഥിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി തടിച്ചു കൂടിയത് ആയിരങ്ങള്‍. മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ പങ്കാളികളായി മന്ത്രി എ കെ ശശീന്ദ്രനും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും മറ്റ് ജനപ്രതിനിധികളും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ്ങും നൂറു കണക്കിന് നാട്ടുകാരും.

9 മണിയോടെയാണ് ആംബുലൻസിൽ നിന്ന് അർജുന്റെ മൃതദേഹം പുറത്തെടുത്ത് കണ്ണാടിക്കലിലെ വീട്ടിൽ പൊതു ദർശനത്തിനായി വച്ചത്. 12 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക. പൊതുദർശനം ഒരു മണിക്കൂർ നേരത്തേക്ക് ആണെങ്കിലും അർജുനനെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങളാണ് വീട്ടുപരിസരത്ത് തടിച്ചു കൂടിയത്.

നിറഞ്ഞ കണ്ണുകളോടെയാണ് കേരളത്തിന്റെ പുത്രൻ അർജുനെ കേരളം ഏറ്റുവാങ്ങിയത്. കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു. കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി എ കെ ശശീന്ദ്രൻ അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി.പൂളാടിക്കുന്നിൽ നിന്ന് ആരംഭിച്ച വിലാപയാത്രയ്ക്ക് ലോറി ഡ്രൈവർമാരും കണ്ണാടിക്കലിൽ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നൽകി. ഒരു നാട്  മുഴുവന്‍ ദുഃഖ സാന്ദ്രമായ നിമിഷങ്ങളിലൂടെയാണ് ഈ മണിക്കൂറുകളില്‍ കടന്നു പോകുന്നത്.