സിദ്ദിഖിനെ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും.. മൊബൈൽ ഫോൺ ഓൺ ആയി

പീഡന കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഒളിവില്‍ പോയ സിദ്ദിഖിനെ പിടിക്കാന്‍ നടപടികൾ കടുപ്പിച്ച് അന്വേഷണസംഘം. നടനെ സഹായിക്കുന്നവർക്കും ഒളിപ്പിക്കുന്നവര്‍ക്കും എതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അന്വേഷണ സംഘ തലവനായ സ്പർജൻ കുമാർ. 6 സംഘങ്ങളാണ് നിലവിൽ സിദ്ദിഖിനായി തിരച്ചിൽ നടത്തുന്നത്. അതിനിടെ രണ്ടു ദിവസമായി സ്വിച്ച് ഓഫ് ആയി കിടക്കുന്ന സിദ്ദിഖിന്‍റെ മൊബൈൽ ഫോണ്‍ ഇന്ന് സ്വിച്ച് ഓൺ ആയി. ഈ സമയത്ത് ബന്ധപ്പെട്ടെങ്കിലും എൻഗേജ്ഡ് ടോൺ ആണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. അതിനിടെ സിദ്ദിഖ് ആലപ്പുഴയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇന്ന് ആ ഭാഗങ്ങളിലും പോലീസ് പരിശോധന നടത്തി.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ അവസാന ശ്രമമായി ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുകയാണ് സിദ്ദിഖ്. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാരും അതിജീവിതയും തടസ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട് ഇടക്കാല ഉത്തരവിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹർജി നൽകുക.

അതിനിടെ ഇന്നും സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമായി തുടരുകയാണ്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനാല്‍
സിദ്ദിഖ് സംസ്ഥാനം വിട്ടു പോകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.