ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപതാ ലേഡീസ്

2025 ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവു ചിത്രം ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച മലയാള സിനിമ ആട്ടം, ബോളിവുഡ് ചിത്രം ആനിമലടക്കം അവസാന പട്ടികയിലുണ്ടായിരുന്നു. ആകെ 29 സിനിമകളുടെ പട്ടികയിൽ നിന്നാണ് ലാപതാ ലേഡീസ് ഓസ്കാർ എൻട്രിയിലേക്ക് തിരഞ്ഞെടുത്തത്.

ചിത്രത്തിന്‍റെ നിർമ്മാതാവ് നടൻ അമീർഖാൻ ആണ് . കഴിഞ്ഞ വർഷം ടൊറന്റോ ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ലാപതാ ലേഡീസ് ഈ വർഷം മാർച്ചിന് ഇന്ത്യയിലാകെ തിയേറ്റർ റിലീസിന് എത്തിയെങ്കിലും വേണ്ടത്ര സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചില്ല. പക്ഷേ, ഒടിടിയിൽ റിലീസ് ചെയ്തതോടെയാണ് ചിത്രം വലിയ രീതിയിൽ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റുന്നത്. സിനിമയുടെ കഥാസാരാംശം തന്നെയാണ് ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം. എത്ര തന്നെ പുരോഗതി പ്രാപിച്ചെന്ന് പറഞ്ഞാലും ഇപ്പോഴും മാറ്റത്തിന് വിധേയമാകാത്ത ഉത്തരേന്ത്യൻ ജീവിതങ്ങളും സംസ്കാരവുമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ലാപതാ ലേഡീസ് സുപ്രീംകോടതിയിൽ വരെ പ്രദർശിപ്പിച്ചിരുന്നു.

പുതുതായി വിവാഹിതരായി വരുന്ന രണ്ടു സ്ത്രീകൾ അവർ തങ്ങളുടെ ഭർത്താക്കന്മാരുടെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ പരസ്പരം മാറിപ്പോകുന്നു, ഈ കഥയിൽ ഊന്നിയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. സ്ത്രീകൾ വീടുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല, അവരുടെ സ്വപ്നങ്ങൾ നിറവേറാൻ പോരാടണമെന്ന് ചിത്രം പറഞ്ഞു വെക്കുന്നു. സമൂഹത്തിൽ ഇന്നും സ്ത്രീക്ക് നൽകിയിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങളെ ചിത്രത്തിലൂടെ തുറന്നു കാട്ടുന്നു. അതിൽ നിന്നും പുറത്തു കടക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും ചിത്രം പറയുന്നു.