സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ നേതൃത്വവുമായി തർക്കം; മൊറാഴയിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന്റെ നാട്ടിൽ പാർട്ടി ബ്രാഞ്ച് സമ്മേളനം മുടങ്ങി.
പ്രാദേശിക ഭിന്നതകളെ തുടർന്ന് ബ്രാഞ്ച് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് ബ്രാഞ്ച് സമ്മേളനം മുടങ്ങിയത്. മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു പാർട്ടി സമ്മേളനം നടക്കേണ്ടിയിരുന്നത്. 14 അം​ഗങ്ങളുള്ള ബ്രാഞ്ചിൽ ഒരാൾപോലും സമ്മേളനത്തിനെത്തിയില്ല. രാവിലെ സമ്മേളനത്തിന്റെ ഉദ്ഘാടകനായ ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ എത്തിയെങ്കിലും മടങ്ങുകയായിരുന്നു.

പ്രദേശത്തെ ഒരു അങ്കണവാടിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിലായിരുന്നു പാർട്ടി അംഗങ്ങളുടെ എതിർപ്പ്. പ്രശ്നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാട് കടുപ്പിച്ചതോടെ സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഇതാദ്യമായാണ് പാർട്ടി ശക്തികേന്ദ്രമായ ഇവിടെ ബ്രാഞ്ച് സമ്മേളനം നടക്കാതെ പോകുന്നത്.