വ്യത്യസ്തമായി ചായ ഉണ്ടാക്കിയും വസ്ത്രധാരണത്തിലൂടെയും സോഷ്യൽ മീഡിയ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് ഡോളി ചായ് വാല എന്ന സുനിൽ പാട്ടിൽ . നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപ്പനക്കാരാണ് ഇയാൾ. മൈക്രോസോഫ്റ്റ് ഉടമയും ആഗോള സമ്പന്നരില്‍ ഏഴാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റിന് വരെ
ചായ് വാല ചായ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാൾ ലോക പ്രശസ്തനുമായി . പിന്നാലെ ലോകത്തിന്റെ നാനാകോണിൽ നിന്നും പരിപാടികളിൽ അതിഥിയായി പങ്കെടുക്കാന്‍ ഇയാളെ ക്ഷണിച്ച് തുടങ്ങി.
അങ്ങനെ ഒരു പ്രോഗ്രാമിലേക്ക് അതിഥിയായി ചായ വാലയെ ക്ഷണിച്ചപ്പോൾ ഉണ്ടായ അനുഭവം കുവൈറ്റിലെ ഫുഡ് വ്ളോഗർ പോസ്റ്റ് ചെയ്തിരുന്നു. അതാണിപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. എ കെ ഫുഡ്വ്ളോഗ് എന്ന ഇൻസ്റ്റഗ്രാം വ്ളോഗറാണ് ഒരു കുവൈറ്റ് പോർഡ് കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായ അനുഭവം പങ്ക് വെച്ചത്. കുവൈറ്റിലെ പ്രോഗ്രാമിലേക്ക് ക്ഷണിക്കാൻ ചായ്വാലയുടെ മാനേജറെ ബന്ധപ്പെട്ടപ്പോൾ 5 ലക്ഷം രൂപയും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യവും വേണമെന്ന് ആവശ്യപ്പെട്ടതായാണ് പറയുന്നത്.
“ഇയാൾ ഇത് ശരിക്കും പറയുന്നതാണോ എന്ന് ഞാൻ സംശയിച്ചു. 2000 കുവൈറ്റ് ദിനാർ അതായത് 5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒരാളും അദ്ദേഹത്തിന് ഒപ്പം കാണും . ഫോർസ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം വേണം. ഒരു ദിവസത്തെ ആവശ്യങ്ങളാണ് ഇതെല്ലാം ” ഇതാണ് വ്ളോഗർ പങ്കു വച്ച അനുഭവക്കുറിപ്പ്.
21 മില്യണിലധികം ആളുകളാണ് വ്ളോഗറുടെ വീഡിയോ ഇതിനോടകം കണ്ടത്. അതേസമയം ഇയാളെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. “ചായ് വാല ഇന്ത്യക്കാരൻ ആണെന്ന് വിചാരിച്ച് അയാളെ ചൂഷണം ചെയ്യാമെന്ന് വിചാരിച്ചോ” , “അയാളുടെ പേര് പറഞ്ഞപ്പോൾ തന്നെ മില്യൺ കണക്കിന് വ്യൂ ലഭിച്ചില്ലേ ” ഇങ്ങനെ പോകുന്നു സാമൂഹിക മാധ്യമത്തിലെ കമന്റുകൾ.