‘സരിതയുമായി സൗഹൃദം, കൊട്ടാരം പോലുള്ള വീട് ‘.. എഡി.ജി.പിക്കെതിരെ വീണ്ടും ശബ്ദ സന്ദേശം പുറത്തുവിട്ട് പി.വി അൻവർ

എഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ ഒരു പോലീസ്  ഉദ്യോഗസ്ഥന്റേതെന്നു അവകാശപ്പെടുന്ന ഓഡിയോയാണ് അന്‍വര്‍ എംഎല്‍എ പുറത്തു വിട്ടിരിക്കുന്നത്. സ്വകാര്യത മാനിച്ചു പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ശബ്ദത്തിൽ മാറ്റം വരുത്തിയാണ് സംസാരിക്കുന്നതെന്നുമാണ് ഓഡിയോയിൽ ഉള്ള വ്യക്തി പറഞ്ഞത്. സോളാർ കേസിലെ പരാതിക്കാരിയുമായി ADGP എം ആര്‍ അജിത് കുമാറിന് സൗഹൃദമുണ്ട്. അതിനാലാണ് സോളാര്‍ കേസിലെ പ്രമുഖർ കുറ്റ വിമുക്തരാക്കപ്പെട്ടത്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലും സംസ്ഥാനത്തെ പ്രമുഖരുടെ ഫോൺ ചോർത്തുന്നതിലും അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് പുറത്തുവിട്ട ഓഡിയോ.

അജിത് കുമാറിന് കവടിയാറിൽ വലിയ വീട് നിർമ്മിക്കുന്നതും ആരോപണ വിധേയമായിട്ടുണ്ട്.
ഭൂഗര്‍ഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടമാണ് പണിയുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപം അതിസമ്പന്നര്‍ക്ക് ഭൂമിയുള്ള മേഖലയില്‍ ലിഫ്റ്റും പൂളുമടങ്ങുന്ന 6000 Sq ft മണിമാളികയാണ് പണിയുന്നത്. ഇതിനുള്ള ADGPയുടെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നാണ് ചോദ്യം. 10 സെൻറ് എഡിജിപിയുടെ പേരിലും 12 സെൻറ് സഹോദരൻറെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 65 മുതൽ 75 ലക്ഷം വരെയാണ് ഇവിടെ സെന്റിന്‍റെ വിലയെന്നും പറയുന്നു.

ഇതു കൂടാതെ റിദാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട ഷാനുമായി ബന്ധം ഉണ്ടായിരുന്നു. അതിനാലാണ് ഭർത്താവിനെ ഷാൻ വെടിവെച്ചു കൊന്നതെന്ന് മൊഴി പറയിപ്പിക്കാൻ റിദാന്റെ ഭാര്യയെ പോലീസ് ക്രൂരമായി മർദ്ദിച്ചത് എന്നും അൻവർ എംഎൽഎ ആരോപിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട ഷാനിനെ പോലീസ് മൂന്നു ദിവസം ക്രൂരമായി മർദ്ദിച്ചു. മരിച്ച റിദാന് കരിപ്പൂർ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ അറിയാമായിരുന്നു. പോലീസ് മറ്റൊരു കേസില്‍പ്പെടുത്തി ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരോട് അറിയുന്ന കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് റിദാൻ പറഞ്ഞിരുന്നു. ഇതാണ് കൊല്ലാൻ പ്രേരിപ്പിച്ചതെന്നും പി.വി അൻവർ പറഞ്ഞു. അതിനിടെ പി.വി അൻവർ നാളെ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും.