തൃശൂർ: മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ എസിപിയോടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുളളത്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയിലാണ് നടപടി. പൊലീസ് നാളെ മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തും. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് അനിൽ അക്കരയുടെ തീരുമാനം.
മുകേഷിന്റെ രാജിയെക്കുറിച്ചും കെ.സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചുമുളള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി ‘വഴി എൻറെ അവകാശ’മാണെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരെ തള്ളി മാറ്റിയത്. ഒരു സുപ്രധാന വിഷയത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ട കേന്ദ്ര മന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യത്തിന് ‘ഉത്തരം പറയാന്‍ തനിക്ക് സൗകര്യമില്ല’ എന്ന മറുപടിയാണ് നല്‍കിയതെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.
ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സുരേഷ് ഗോപി നടത്തിയ കൈയ്യേറ്റത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്ത് വരികയുണ്ടായി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള ശ്രമം ഞെട്ടിക്കുന്നതാണ്. അതിനാൽ സുരേഷ് ഗോപി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.