റിപ്പോർട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്ന് എ.കെ ബാലന്‍.. കോടതി പറഞ്ഞാലെ കേസെടുക്കാൻ കഴിയൂ..

തിരുവനന്തപുരം; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുൻ നിയമ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ.
മൊഴി പ്രസിദ്ധീകരിക്കണം എന്ന് കോടതി പറഞ്ഞാല്‍ മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളൂ. നിലവിലെ റിപ്പോർട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസ്സമുണ്ടെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെക്കേണ്ട ആവശ്യം സർക്കാരിനില്ല. വിഷയം പിന്നീട് വിവരാവകാശ കമ്മീഷനിൽ എത്തി.
തുടർ നടപടിക്ക് പോകുമ്പോഴാണ് ചില വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ല എന്ന് കമ്മീഷൻ പറയുന്നത്. ‘റിപ്പോർട്ട് പ്രകാരം സിവിലായും ക്രിമിനലായും ഇടപെടൽ വേണ്ടി വരും. ഈ വിഷയങ്ങൾ പരിഹരിക്കണമെങ്കിൽ മൊഴി പ്രസിദ്ധീകരിക്കാൻ കഴിയണമായിരുന്നു. പക്ഷേ മൊഴി പ്രസിദ്ധീകരിക്കാൻ പരിമിതിയുണ്ടായിരുന്നു’ എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു

മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത്
ഹേമ കമ്മിറ്റി തന്നെ ആവശ്യപ്പെട്ടതാണ്. കിട്ടിയ മൊഴികൾ പ്രകാരം നിയമ നടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും
എ കെ ബാലൻ വ്യക്തമാക്കി. റിപ്പോര്‍ട്ട്
പുറത്ത് വിടുന്നതിന്
കോവിഡ് കാലത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും തടസ്സമായി. കമ്മിറ്റി പ്രവർത്തനം ആരംഭിച്ച ആദ്യ ഘട്ടത്തിൽ തന്നെ ഹേമ കമ്മീഷന് മുന്നോട്ട് പോവാൻ കഴിയാത്ത രീതിയിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പിന്നീട് ഇത് പരിഹരിച്ച് മുന്നോട്ട് പോയെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു

ഒന്നാം പിണറായി സർക്കാരിന്റെ ഭരണ കാലത്ത് എ.കെ ബാലൻ സാംസ്കാരിക വകുപ്പ് മന്ത്രിയായപ്പോഴായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നൽകിയത്.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് സർക്കാരിന് കൈമാറി. റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലരും പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷൻ്റെയും കോടതിയുടെയും ഇടപെടലിന് പിന്നാലെയാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജുകളുമായി ഇന്നലെ റിപ്പോർട്ട് പുറത്തു വിട്ടത്