അർജുനായുള്ള തിരച്ചിൽ നിര്‍ത്തി; ഡ്രെഡ്ജിങ് മെഷീന്‍റെ പണം ആര് നല്‍കുമെന്നതില്‍ അവ്യക്തത

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അർജുന് വേണ്ടി ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചിൽ പ്രതിസന്ധിയിൽ. പുഴക്കടിയിലെ മണ്ണും മരങ്ങളും നീക്കിയാലെ ലോറി കണ്ടെത്താന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. ഇതിന് ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കണം. അത് വരെ തിരച്ചിൽ താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഡ്രെഡ്ജര്‍ മെഷീന്‍ എത്തിക്കുന്നതിന് ഒരു കോടിയോളം രൂപ വേണമെന്നാണ് കണക്ക് കൂട്ടുന്നത്. ഈ തുക ആര് വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇക്കാര്യമുന്നയിച്ച് ഉത്തര കന്നട കലക്ടര്‍ കര്‍ണാടക
സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. മഴയെ തുടർന്ന് വെള്ളം കലങ്ങി മറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ കാഴ്ചാ പരിമിതി കാരണം ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യസംഘവും ഈശ്വര്‍ മാല്‍പെയും ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്
ജില്ലാ ഭരണകൂടം തിരച്ചില്‍ താൽകാലികമായി നിർത്താൻ തീരുമാനിച്ചത്

ഇന്നലെ നടത്തിയ തിരച്ചിലിൽ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വലിച്ച് കയറ്റുന്ന ലോറിയുടെ ലോഹ ഭാഗങ്ങൾക്ക് ഒപ്പമാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. കയർ അർജുന്റെ ലോറിയുടേത് ആണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മണ്ണടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണ് കാണാതായ മറ്റുള്ളവർ