വയനാട് ഉരുൾപൊട്ടലിൽ അതി സാഹസികമായി പരിക്കേറ്റവരെ പരിചരിച്ച ഒരു നേഴ്സുണ്ട്, തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീന. സബീനയുടെ ആത്മധൈര്യത്തിന് ആദരമർപ്പിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് തമിഴ്നാട് സർക്കാർ. അതി സാഹസികമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയും പരിക്കേറ്റ വർക്ക് പ്രാഥമിക ചികിത്സ നൽകിയുമാണ് സബീന ഈ ആദരവിന് അർഹയായത്. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സബീനയെ ആദരിക്കുന്നത്. കല്‍പന ചൗള പുരസ്കാരം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് സബീനയ്ക്ക് സമ്മാനിക്കുക.
ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎസ്.എച്ച്) ഹെല്‍ത്ത് കെയര്‍ ആതുര സേവന വളണ്ടിയര്‍ വിഭാഗത്തിലെ നഴ്സായി സേവനമനുഷ്ഠിക്കുയാണ് സബീന. വയനാട് ഉരുള്‍പൊട്ടലുണ്ടായ ആദ്യ ദിനത്തില്‍ തന്നെ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയാണ് സബീന പരുക്കേറ്റ 35ഓളം പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.