‘കടയുടമ മാന്യനാണ്, ഡാഡിക്ക് വിളിച്ചിട്ടില്ല’ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് വൈറലായി ഒരു കുറിപ്പ്

വാഹനം പാർക്ക് ചെയ്യുക എന്നത് നഗരത്തിലേക്ക് വരുന്നവർ നേരിടുന്ന പ്രതിസന്ധിയാണ്. പലപ്പോഴും പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ കടകളുടെ മുന്നിലാണ് നിർത്താറുള്ളത്. കടയ്ക്ക് മുന്നിൽ വാഹനം നിർത്തിയിടുമ്പോൾ ആളുകൾ കട ശ്രദ്ധിക്കില്ലെന്നാണ് കച്ചവടക്കാരുടെ പരാതി. വഴിമുടക്കിയായി കടയ്ക്ക് മുന്നിൽ നിൽക്കുന്ന വാഹനം കണ്ടാൽ ചിലര്‍ കയറാതെയും പോകും.

വണ്ടി പാർക്ക് ചെയ്യുന്നത് ഇപ്പോൾ വീണ്ടും ചർച്ചയാവാൻ കാരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രവും കുറിപ്പുമാണ്. ജിമ്മിൽ പോകാൻ എത്തിയ യുവാവ് അടഞ്ഞു കിടക്കുന്ന കടയുടെ മുന്നിൽ തന്റെ വാഹനം പാർക്ക് ചെയ്തു. ജിമ്മിൽ നിന്നു തിരിച്ചു വന്ന യുവാവ് കാണുന്നത് കാറിന്റെ മുകളിൽ പേപ്പറിൽ ഒരു കുറിപ്പ് എഴുതി വെച്ചിരിക്കുന്നതാണ്. ”വാഹനം പാർക്ക് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പാർക്ക് ചെയ്യുക, നിങ്ങളുടെ വാഹനത്തിന്റെ മുൻവശം കാണാനല്ല ഞങ്ങൾ വാടക കൊടുത്ത് കെട്ടിടം എടുക്കുന്നത് ” . കുറുപ്പിൽ ഇപ്രകാരമാണ് പറയുന്നത് കുറിപ്പ് വാഹനം ഉടമ തന്നെ ഫേസ്ബുക്കിൽ തന്റെ അഭിപ്രായം അടക്കം പോസ്റ്റ് ചെയ്തപ്പോഴാണ് സോഷ്യൽ മീഡിയ കുറിപ്പിനെ എറ്റെടുത്തത്.

വാഹന ഉടമ ഫേസ്ബുക്കിൽ കുറിപ്പിനൊപ്പം പങ്കു വെച്ച വാക്കുകൾ ഇങ്ങനെയാണ് ” ഇന്നലെ രാവിലെ 8 മണിക്ക് ജിമ്മിലേക്ക് കയറുമ്പോൾ, രാവിലെ അല്ലേ, ഷോപ്പുകൾ തുറക്കാനായില്ലല്ലോ എന്ന് കരുതിയാണ് കടയിലെ ഷട്ടറിനോട് ചേർത്ത് കാർ പാർക്ക് ചെയ്തത്. ജിം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഇത്തരമൊരു കുറിപ്പ് കാറിന്റെ ഗ്ലാസിൽ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടത്. കടയുടെ ഷട്ടർ പാതി തുറന്നിട്ട്, കടയുടമ എങ്ങോട്ടോ പോയിട്ടുണ്ട്. പക്ഷേ കടയുടമയുടെ ദേഷ്യം, നിസ്സഹായത എല്ലാം ആ കുറിപ്പിൽ ഉണ്ടായിരുന്നു. പക്ഷേ കടയുടമ മാന്യനാണ് ഡാഡിക്ക് വിളിച്ചിട്ടില്ല. ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം” ഇത്രയുമാണ് പേപ്പറും കയ്യിൽ പിടിച്ചുള്ള ചിത്രം പങ്ക് വെച്ച് വാഹന ഉടമ ഫേസ്ബുക്കിൽ കുറിച്ച വരികൾ.