
വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണ് നനയിച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘സാർ ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട്, ഞങ്ങൾ സ്കൂളിൽ പോവുകയാണ് ‘എന്നായിരുന്നു കുറിപ്പിലുള്ളത്. പ്ളസ് വണ്ണിലും ഏഴിലും പഠിക്കുന്ന സഹോദരിമാരാണ് ഈ കുറിപ്പ് എഴുതിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമാണിത്. മിക്ക മാസങ്ങളിലൂം വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻ ബിനീഷ് പറഞ്ഞു. കുറിപ്പിൽ കണ്ട നമ്പറിൽ വിളിച്ചപ്പോള്‍ ഗൃഹനാഥനെയാണ് കിട്ടിയത്. അയാളാണ് മക്കളാണ് കുറിപ്പ് എഴുതിയതെന്ന് പറഞ്ഞത്. 461 രൂപയാണ് കുടിശ്ശിക ബില്ല്.

തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും താമസിക്കുന്നത്. വീടിന് വാതില്‍ പോലുമില്ല. അച്ഛന് തയ്യൽ കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. പല മാസങ്ങളിലും സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഫ്യൂസ് ഈരിയതു കൊണ്ട് ദിവസങ്ങളോളം ഇരുട്ടത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട് ഇവര്‍ക്ക്. അതു കൊണ്ടാണ് അപേക്ഷ എഴുതിയതെന്നാണ് കുട്ടികൾ പറഞ്ഞത്.

അതേസമയം കെഎസ്ഇബി ജീവനക്കാരൻ പങ്കു വെച്ച കുറുപ്പിനോട് പ്രതികരിച്ച് സഹായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ”കുറിപ്പ് കണ്ടപ്പോൾ വിഷമം തോന്നി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കുടുംബത്തിന്റെ വൈദ്യുതി ചാര്‍ജ് അടക്കാന്‍ തീരുമാനിച്ചു. മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും” രാഹുല്‍ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഇനി ഇങ്ങനെയൊരു കുറിപ്പ് എഴുതി വെച്ചു പോകേണ്ട അവസ്ഥയുണ്ടാകരുത് എന്നും രാഹുല്‍ പറഞ്ഞു.

