മലയാളം സിനിമ മഞ്ഞുമ്മൽ ബോയ്സ് വൻ ഹിറ്റായിരുന്നു. ചിത്രത്തിൽ ഉപയോഗിച്ച ഇളയരാജയുടെ ‘കൺമണി അൻപോട് എന്ന പാട്ടും പ്രേക്ഷകരിൽ ഒരിക്കൽ കൂടി വലിയ വൈബ് ആണുണ്ടാക്കിയത്. സിനിമയും പാട്ടും തരംഗമായതോടെ സിനിമയുടെ വിജയത്തിൽ തന്റെ പാട്ടിനും പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി ഇളയരാജ നിയമ നടപടിയിലേക്ക് നീങ്ങിയിരുന്നു. സിനിമയിൽ തന്റെ പാട്ട് സമ്മതമില്ലാതെ ആണ് ഉപയോഗിച്ചതെന്നായിരുന്നു ഇളയരാജയുടെ വാദം.
ഈ തർക്കത്തിന് ആണ് ഇപ്പോൾ പരിഹാരം ആയിരിക്കുന്നത്.
സംഗീത സംവിധായകൻ ഇളയരാജയുമായി നടത്തിയ ചർച്ചയിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ 60 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ തയ്യാറായി എന്നാണ് റിപ്പോർട്ടുകൾ. ഇളയരാജ കഴിഞ്ഞ മെയ് മാസം ആയിരുന്നു മഞ്ഞുമ്മൽ ബോയിസിന്റെ നിർമാതാക്കള്‍ക്ക് ഗാനം സമ്മതമില്ലാതെ ഉപയോഗിച്ചതിന് രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ പ്രതികരിച്ചത്. പക്ഷേ ഇളയരാജ ഇത് അംഗീകരിക്കാതെ നിയമ നടപടിയില്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്ന് 60 ലക്ഷം രൂപ നിർമ്മാതാക്കൾ കൊടുക്കാമെന്ന് അറിയിച്ചതോടെ നഷ്ടപരിഹാര കേസ് ഒത്തു
തീർപ്പാക്കുകയായിരുന്നു.
ഇതു കൂടാതെ മഞ്ഞുമ്മല്‍ ബോയ്സ് സിനിമ വേറെയും വിവാദങ്ങളില്‍ പെട്ടിരുന്നു.
സിനിമയുടെ ലാഭ വിഹിതമോ നിക്ഷേപത്തുകയോ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി സിനിമയില്‍ പണം നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ നിർമാതാക്കൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണവും നടന്നിരുന്നു.