അര്‍ജുന്റെ ഭാര്യക്ക് സിറ്റിബാങ്കില്‍ ജോലി നല്‍കും, വയനാട് ദുരന്തത്തിൽ 11 കുടുംബങ്ങള്‍ക്ക് വീട്..

കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യക്ക് ജോലി നൽകുമെന്നും വയനാട് ദുരന്തത്തിൽ ഭവന രഹിതരായവരില്‍ 11 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നൽകുമെന്നും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ഭാരവാഹികള്‍ അറിയിച്ചു.
ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ഏക ആശ്രയം ആ യുവാവായിരുന്നു.
കുടുംബം അനാഥമായിരിക്കുകയാണ്. അര്‍ജുന്റെ ഭാര്യ വിദ്യാസമ്പന്നയാണ്. ഈ സാഹചര്യത്തിലാണ് ജോലി കൊടുക്കാന്‍ സിറ്റി ബാങ്ക് സന്നദ്ധമാകുന്നത്. ഇക്കാര്യത്തില്‍ സഹകരണ നിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവനുവദിക്കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു തസ്തികയില്‍ അര്‍ജുന്റെ ഭാര്യയ്ക്കു നിയമനം നല്‍കാനാവും

വയനാട്ടില്‍ ഭവന രഹിതരായവര്‍ക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് ഗ്രാമ പഞ്ചായത്ത് നിര്‍ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണു സിറ്റി ബാങ്ക് വീടുവെച്ചു നല്‍കുക
സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇത്. ഓരോ വീടിനും അഞ്ച് ലക്ഷം രൂപ വീതം ബാങ്ക് ചെലവഴിക്കും. ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ആലോചിച്ച് വയനാടിന്റെ പ്രകൃതിക്ക് ഇണങ്ങും വിധം വീടുകള്‍ രൂപകല്‍പന ചെയ്യും. 120 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി കൈമാറും. സര്‍ക്കാരിന്റെ ഏതെങ്കിലും സഹായ പദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.