പുതിയ പാർലമെന്‍റ് മന്ദിരത്തിലും ചോർച്ച ; പരിഹസിച്ച് പ്രതിപക്ഷം

ഡൽഹി: ശക്തമായ മഴ പെയ്തതോടെ പാർലമെന്‍റ് മന്ദിരത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ. സമാജ് വാദി പാർട്ടിയും കോൺഗ്രസും ആണ് സാമൂഹ മാധ്യമങ്ങളിൽ പാർലമെന്റ് മന്ദിരത്തിന്റെ ലോബിയുടെ ചോർന്നൊലിക്കുന ദൃശ്യങ്ങൾ പങ്ക് വെച്ചത്.

കോൺഗ്രസ് എംപിയായ മാണിക്യം ടാഗോർ സഭ നിർത്തി വെച്ച് വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയത്തിന് നോട്ടീസ് നൽകി. “ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത് ചോർച്ച, പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര വിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത് , അതും പാർലമെൻറ് മന്ദിരം പണിതിട്ട് ഒരു വർഷം മാത്രം ആകുമ്പോൾ” ഇങ്ങനെയാണ് കോൺഗ്രസ് എംപിയായ ടാഗോർ മാണിക്യം പാർലമെൻറ് മന്ദിരത്തിന്റെ ചോർച്ചയെ കുറിച്ച് എക്സിൽ പ്രതികരിച്ചത്.

862 കോടി മുടക്കി പണിത പുതിയ പാർലമെൻറ് മന്ദിരം 2023 മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തത്. പണിതിട്ട് ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്.
ഇതിനെതിരെ സമാജ് വാദി പാർട്ടി എംപി അഖിലേഷ് യാദവും ബിജെപിയെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്തുവന്നു. “പഴയ പാർലമെൻറ് മന്ദിരം ഇതിലും നല്ലതായിരുന്നു, എന്തു കൊണ്ട് അങ്ങോട്ട് പൊയ്ക്കൂട, ശതകോടികൾ ചെലവിട്ടു നിർമ്മിച്ച പുതിയ പാർലമെന്റിലെ ചോർച്ച അവസാനിക്കുന്നത് വരെയെങ്കിലും അവിടെ തുടരാമല്ലോ” ഇതായിരുന്നു അഖിലേഷ് യാദവ് തന്റെ എക്സിൽ കുറിച്ച വരികൾ.

ഇതിനു മുമ്പ്, പുതുതായി പണിത അയോധ്യയിലെ രാമ ക്ഷേത്രം ചേർന്നൊലിക്കുന്നതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പണികഴിഞ്ഞ് ഒരു വർഷം മാത്രം പൂർത്തിയായ പാർലമെൻറ് മന്ദിരവും ചോർന്നൊലിക്കുകയാണ്.പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ വിമർശനം ശക്തമാക്കിയിരിക്കുകയാണ് സമാജ് വാജി പാർട്ടിയും കോൺഗ്രസും.