കാണാതായ അമ്മയെ റീല്‍സില്‍ കണ്ടെത്തി യുവാവ്

മുംബൈ; അമ്മയ്ക്ക് വേണ്ടിയുള്ള തിരിച്ചിലിലായിരുന്നു മുംബൈ സ്വദേശിയായ യുവാവ്. ബന്ധു വീടുകളിലെല്ലാം അമ്മയെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഇൻസ്റ്റാഗ്രാം റീൽസ് വഴി ഒരു വർഷം മുമ്പ് കാണാതായ തന്‍റെ അമ്മയെ കണ്ടെത്തിയിരിക്കുകയാണ് ഈ യുവാവ്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങിയതായിരുന്നു യുവാവിന്റെ അമ്മ. തുടർന്ന് പോലീസിൽ പരാതി നൽകി ഒരു വർഷമായി അമ്മയെ കാത്തിരിക്കുകയായിരുന്നു കുടുംബം.

ഒരാഴ്ച മുൻപാണ് ഫോട്ടോഗ്രാഫർ ശിവാജി ധൂതെ തന്‍റെ ഇൻസ്റ്റാഗ്രാം വഴി ഒരു റീൽസ് പോസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഈ വീഡിയോ കാണാനിടയായ ഒരു സുഹൃത്ത് സംശയം തോന്നി യുവാവിന്‍റെ വീട്ടുകാരെ അറിയിക്കുകയും യുവാവ് റീൽസ് കണ്ട് അതിലുള്ളത് തന്റെ അമ്മയാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ടപ്പോള്‍ മഹാരാഷ്ട്ര സോലാപൂർ ജില്ലയിലെ പനാഥാർപൂരിൽ നിന്നാണ് വീഡിയോ എടുത്തതെന്ന് അറിഞ്ഞു.

പന്ഥാർപുർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് മഴക്കോട്ട് വിൽക്കുന്ന 10 വയസ്സുകാരന്റെ വീഡിയോ ആണ് ഫോട്ടോഗ്രാഫർ റീൽസായി ചിത്രീകരിച്ചത്. മഴക്കോട്ട് വാങ്ങിയ സ്ത്രീയ്ക്ക് 200 രൂപയ്ക്ക് ചില്ലറ കൊടുക്കാൻ ഇല്ലാതിരുന്നതിനാൽ കുട്ടി മറ്റൊരു സ്ത്രീയുടെ അടുത്തേക്ക് ഓടുന്നതായി വീഡിയോയിൽ കാണാം. കുട്ടി ചില്ലറ വാങ്ങുന്ന ഈ സ്ത്രീയാണ് യുവാവിന്റെ അമ്മ. യുവാവ് പന്ഥാർപുരിലെ ക്ഷേത്രത്തിലെത്തി അമ്മയെ അന്വേഷിച്ചെങ്കിലും വൻ തിരക്കായിരുന്നതിനാൽ അന്ന് കണ്ടെത്താനായില്ല. തുടർന്ന് പിന്നീട് നടത്തിയ തിരച്ചിലിൽ അമ്മയെ കണ്ടെത്തുകയും കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. തന്റെ പോസ്റ്റ് കാരണം ഒരു അമ്മയ്ക്കും മകനും ഒരുമിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ഫോട്ടോഗ്രാഫർ ശിവാജി ധൂതെയുടെ പ്രതികരണം.