അർജുൻ എവിടെ..? കർണ്ണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിക്കായി കാത്തിരിപ്പ്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ ആശങ്കയില്‍ നീറി കുടുംബം. കനത്ത മഴയും ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. എൻഡിആർഎഫും പൊലീസും തൽക്കാലികമായി തെരച്ചിൽ നിർത്തി വച്ചിരിക്കുകയാണ്. റോഡിലെ മണ്ണ് നീക്കം ചെയ്യുന്നതല്ലാതെ ജീവന്‍ രക്ഷിക്കാന്‍ കര്‍ണാടകത്തിന്‍റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്. അതേ സമയം അര്‍ജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്

അങ്കോലയില്‍ 10 മീറ്ററോളം ഉയരത്തിലാണ് ഏറെ ദൂരത്തില്‍ മണ്ണിടിഞ്ഞ് വീണത്. വിശ്രമത്തിനും ചായ കുടിക്കാനും വേണ്ടി ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവാണത്രെ.
അപകട സ്ഥലത്ത് നിന്ന് ഇതുവരെ
7 പേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. ഇതില്‍ 5 പേര്‍ ചായക്കച്ചവടം നടത്തുന്ന കുടുംബമാണ്.
ഒരു ട്രക്കും കാറും കണ്ടെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കുടുങ്ങിയത് അർജ്ജുനന്‍ അടക്കം 15 പേരാണെന്നാണ് കരുതുന്നത്. ഒരു ട്രക്കും ബെൻസും മണ്ണിനടിയിലുണ്ടെന്ന് ജി പി എസ് ലൊക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്

നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി.രക്ഷാ പ്രവർത്തനത്തിന് കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ സംഭവ സ്ഥലത്തേക്ക് തിരിക്കും.
ഒന്നുകില്‍ ലോറി മണ്ണിനടിയിൽ ആകാം, അല്ലെങ്കിൽ ഗംഗാവലി പുഴയിൽ വീണിരിക്കാമെന്നാണ് കളക്ടർ പറയുന്നത്. വെള്ളത്തിനടിയിൽ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. നാവികസേനയുടെ വിദഗ്ധ ഡൈവർമാർ ഉടൻ സ്ഥലത്തെത്തും

അത്യാധുനിക രീതിയിലുള്ള ലോറിയുടെഎഞ്ചിൻ ഇന്നലെ വരെ ഓൺ ആയിരുന്നു എന്ന GPS വിവരവും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്തതും പ്രതീക്ഷക്ക് വക നല്‍കുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കൽ വേഗത്തിലാക്കി.

സംഭവം കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. അർജുനെ രക്ഷിക്കാൻ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടൽ ശക്തമാക്കി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും ബന്ധപ്പെടുന്നുണ്ട്