തായ്‌ലാൻഡ് യാത്ര ഭാര്യ അറിയാതിരിക്കാന്‍ പാസ്പോർട്ടിൽ കൃത്രിമം; യുവാവ് അറസ്റ്റിൽ

തായ്‌ലാൻഡിൽ ടൂര്‍ പോയത് ഭാര്യ അറിയാതിരിക്കാൻ തുഷാർ പവാർ (33) എന്ന യുവാവ് പാസ്പോർട്ടിന്റെ പേജിൽ കൃത്രിമം കാണിച്ച് ഇപ്പോൾ കെണിയില്‍ ആയിരിക്കുകയാണ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് മുംബൈ വിമാനത്താവളത്തിൽ നിന്നും തായ്‌ലാൻഡിലേക്ക് പോകാനിരുന്ന യുവാവിന്‍റെ പാസ്പോർട്ടിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ തായ്‌ലാൻഡ് സന്ദർശിക്കാൻ പോവുകയായിരുന്നു തുഷാർ.

ഇയാളുടെ പാസ്പോർട്ടിലെ 3 മുതൽ 10 വരെയുള്ള പേജുകളിലും 17 മുതൽ 20 വരെയുള്ള പേജുകളിലും വെള്ള പേപ്പർ ഒട്ടിച്ചു വെച്ചത് കണ്ടതിനെ തുടർന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തുഷാറിനെ തടഞ്ഞു വെച്ച് പോലീസിൽ വിവരം അറിയിച്ചത്. കൂടാതെ ചില പേജുകൾ ഇയാൾ കീറി മാറ്റുകയും ചെയ്തിരുന്നു.

മുമ്പും തായ്‌ലാൻഡി ലേക്ക് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്തിയിരുന്നു. ഇതൊന്നും ഭാര്യ അറിയാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്തത് എന്നാണ് യുവാവ് നൽകിയ മൊഴി.
എന്നാൽ പാസ്പോർട്ടിൽ കൃത്രിമം കാണിച്ചതിന് ഇന്ത്യൻ പാസ്പോർട്ട് നിയമത്തിലെ ഗുരുതരമായ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് .