ലയൺസ് ക്ലബ് 50 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകും.. സ്കൂളുകള്‍ക്ക് ശുദ്ധജലം

കോഴിക്കോട്: ലയൺസ് ഇൻ്റർനാഷണൽ 318 – ഇ യുടെ നേതൃത്വത്തിൽ 50 നിർധന കുടുംബങ്ങൾക്ക് പാർപ്പിടം നിർമ്മിച്ച് കൊടുക്കാനും 150 സ്‌കൂളുകളിൽ ശുദ്ധ ജലം നൽകാനും പദ്ധതി തയ്യാറാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. സാമ്പത്തിക ക്ലേശമുള്ള, 3 സെന്റ് സ്ഥലമെങ്കിലും സ്വന്തം പേരിലുള്ളവർക്കാണ്  വീട്  നിര്‍മ്മിച്ചു നല്‍കുക.

ബൃഹത്തായ പദ്ധതിയുടെ പ്രഖ്യാപനം ഈ മാസം 14ന് 10 മണിക്ക് കണ്ണൂർ ലക്ഷോട്ടിക്ക ഇൻറർനാഷണൽ കൺവെൻഷൻ സെൻട്രലിൽ നടക്കും. ലയൺസ് ക്യാബിനറ്റ് ഓഫീസർമാരുടെ സ്ഥാനാരോഹണ ചടങ്ങ് പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ വിജയകുമാർ രാജു ഉദ്ഘാടനം ചെയ്യും. ഒരു വർഷം പതിനായിരത്തിലധികം സേവന പരിപാടികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അന്ധത നിവാരണം, പ്രമേഹ നിയന്ത്രണം, കാൻസർ ചികിത്സ എന്നിവ ഇതിൽ ഉൾപ്പെടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്നതാണ് 318 – ഇ ലയൺസ് ഇന്റർനാഷനൽ ക്ലബ്.

വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ, ഫസ്‌റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ഗംഗാധരൻ, കാബിനറ്റ് ട്രഷറർ ചാക്കോ സി.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.