യാത്രക്കാരില്ല.. നവകേരള ബസ്സിന്റെ സർവീസ് മുടങ്ങുന്നു

പ്രതീക്ഷിച്ചത് പോലെ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെയാണ്
രണ്ടു ദിവസമായി നവകേരള ബസ്സിന്റെ സർവീസ് മുടങ്ങിയത്. കോഴിക്കോട് – ബംഗളൂരു റോഡിൽ ഓടുന്ന ബസ്സാണ് രണ്ടു ദിവസമായി സർവീസ് നിർത്തി വെച്ചത്. നവകേരള സദസ്സിന്‍റെ ഭാഗമായുള്ള ബസ് മെയ് അഞ്ചു മുതലാണ് കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് സർവീസ് ആരംഭിച്ചത്.

ഇന്നലെയും ഇന്നും ബുക്കിംഗ് ഇല്ലാത്തതിനാലാണ് സർവീസ് നിർത്തി വെക്കേണ്ടി വന്നത്.
കഴിഞ്ഞ തിങ്കളാഴ്ച 55,000 രൂപ വരുമാനമായി ലഭിച്ചപ്പോൾ ചൊവ്വാഴ്ച അത് 14000 രൂപയായി കുറയുകയായിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് ബുക്കിംഗ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം സീറ്റും യാത്രക്കാർക്ക് ക്രമീകരിക്കാൻ കഴിയുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ബസ്സിലുണ്ട്. കൂടാതെ ശുചിമുറി, ടിവി, മ്യൂസിക് സിസ്റ്റം മാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ബസ്സിലുണ്ട്.