കൊച്ചി: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലായിരിക്കുന്ന ഒരു ഗാനമാണ് ഗൗരി ലക്ഷ്മിയുടെ ‘എൻ്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് 8,
സൂചി കുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്‍റെ പൊക്കിള്‍ തേടി വന്നവന്‍റെ പ്രായം 40’ എന്ന
ഗാനം. ഇത് പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് ഗൗരിയെ തേടിയെത്തിയത്. എന്നാൽ ഇത് തന്റെ സ്വന്തം അനുഭവമാണെന്ന് തുറന്ന് പറയുകയാണ് ഗൗരി. തന്‍റെ അനുഭവത്തില്‍ നിന്നും എഴുതിയ വരികളാണിതെന്ന് ഗൗരി പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
‘അന്ന് ബസില്‍ പോകുന്ന സമയത്ത് ഇട്ട ഡ്രസ് പോലും തനിക്ക് ഓര്‍മ്മയുണ്ട്. ചൊമലയില്‍ വെള്ളയും നീലയും ഉള്ള സ്കേര്‍ട്ടും സ്ലീവ്ലെസായ മഞ്ഞയും റെഡുമായ ടോപ്പുമാണ് താന്‍ ഇട്ടിരുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. വൈക്കം വല്യ കവലയില്‍ നിന്ന് തൃപ്പുണിത്തുറയിലേക്കാണ് പോയത്. തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് തന്നെ കയറ്റി നിര്‍ത്തിയത്. തന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം ഓര്‍മ്മയില്ല. പക്ഷെ അയാളെ തനിക്ക് കാണാം. അയാളുടെ കൈ, ടോപ്പ് പൊക്കി തന്‍റെ വയറിലേക്ക് വരുന്നത് താന്‍ അറിഞ്ഞു. അയാളുടെ കൈ തട്ടിമാറ്റി അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് താന്‍ അയാളുടെ അടുത്ത് നിന്ന് മാറി നിന്നു’ – ഇങ്ങിനെ പോകുന്നു പാട്ടിലെ വരികളെക്കുറിച്ചുള്ള ഗൗരി ലക്ഷ്മിയുടെ സ്വാനുഭവത്തെക്കുറിച്ചുള്ള വിശദീകരണം