നിവൃത്തികേട് കൊണ്ടാണ് ‘ .. കത്തെഴുതി വെച്ച് മോഷണം നടത്തി കള്ളന്‍

കള്ളൻ വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് പോവുന്നത് സാധാരണ സംഭവമാണ്. എന്നാൽ ഇത്തരം കള്ളന്‍മാരിൽ നിന്ന് വ്യത്യസ്തനാകുകയാണ് തമിഴ്നാട് തൂത്തുക്കുടിയിലെ ഒരു വീട്ടിൽ കവർച്ച നടത്തിയ കള്ളൻ. വീട്ടില്‍ മോഷണം നടത്തിയത് അറിഞ്ഞ് എത്തിയ പോലിസുകാരെ കാത്തിരുന്നത് കള്ളന്റെ ഒരു കത്താണ്. കള്ളന്‍ തന്റെ നിവൃത്തികേട് വിവരിക്കുന്ന കത്താണ് പോലിസിന് കിട്ടിയത്. ഒരു മാസത്തിനകം വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും തിരികെ നൽകാമെന്നാണ് കള്ളന്റെ കത്തിൽ ഉള്ളത്.

വിരമിച്ച അധ്യാപക ദമ്പതിമാരായ ചിത്തിരൈ സെൽവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചെന്നെയിൽ താമസിക്കുന്ന മകന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ വീട് വൃത്തിയാക്കാനായി ഒരു ജോലിക്കാരിയെ ഏർപ്പാടാക്കിയിരുന്നു. ഈ ജോലിക്കാരിയാണ് വീട് കുത്തി തുറന്നത് കണ്ട് പോലീസിനെ വിവരം അറിയിച്ചത്.

60,000 രൂപയും കമ്മലുകളും ഉൾപ്പെടെയുള്ള ആഭരണങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ചെന്നൈയിലുള്ള ഗൃഹനാഥൻ പോലീസിനോട് ഫോണിൽ പറഞ്ഞത്. ഇതെല്ലാം മോഷണം പോയി. പോലീസിന് ലഭിച്ച, തമിഴിൽ പച്ച മഷിയിൽ എഴുതിയ കത്തിൽ “ക്ഷമിക്കണം വീട്ടിൽ ഒരാൾക്ക് സുഖമില്ലാത്തതു കൊണ്ടാണ് മോഷണമെന്നും ഒരു മാസത്തിനുള്ളിൽ തിരികെ നൽകാമെന്നും” പറയുന്നു. കത്തെഴുതി വെച്ചു പോയ കള്ളനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.