സംവിധായകൻ ഉമർ ലുലുവിനെതിരെയുള്ള ബലാൽസംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി എതിർത്ത് പരാതി നല്‍കിയ നടി. പാനീയത്തിൽ എംഡിഎംഎ കലർത്തി മയക്കിയാണ് ബലാൽക്കാരം ചെയ്തതെന്ന് നടി കോടതിയെ അറിയിച്ചു. ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജി എതിർത്ത് നടി നൽകിയ ഉപ ഹർജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്. ജസ്റ്റിസ് സി.എസ് ഡയസ് നടിയെയും കക്ഷി ചേർത്ത് ഹര്‍ജി ജൂലൈ 22ന് പരിഗണിക്കാൻ മാറ്റി.
സംവിധായകൻ മയക്കുമരുന്നിന് അടിമയാണ്. വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകിയും സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞുമാണ് പീഡിപ്പിച്ചതെന്നും നടി കോടതിയെ അറിയിച്ചു. ഒമർ ലുലു സിനിമാ ചർച്ചക്കെന്ന പേരിൽ തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് നടിയുടെ ആരോപണം.
പ്രതി നേരിട്ടും മറ്റുള്ളവര്‍ വഴിയും കേസ് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഇതിന്‍റെ മൊബൈൽ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ്. വലിയ സ്വാധീന ശക്തിയുള്ളയാളാണ് പ്രതി, ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തണമെന്നും ഉപഹർജിയിൽ നടി ആവശ്യപ്പെടുന്നു.