80 വർഷം പഴക്കമുള്ള കെട്ടിടം, ഓട് തലയിൽ വീണ് അധ്യാപകന് പരിക്ക്

കണ്ണൂർ: ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് തലയിൽ വീണ് അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകനായ ബെന്നിയ്ക്കാണ് പരിക്ക് പറ്റിയത്. ബുക്ക് ഡിപ്പോയുടെ മുന്നിൽ
കാർ നിർത്തി ഇറങ്ങിയപ്പോഴാണ് ഓട് വീണത്. ബെന്നിയുടെ തലയിൽ പതിനൊന്നു തുന്നലിട്ടിട്ടുണ്ട്.

1944-ൽ പണികഴിപ്പിച്ച 80 വർഷത്തോളം പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗൻവാടിയും ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ഓടുകളെല്ലാം ഇടിഞ്ഞു വീഴാറായ നിലയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല. മഴക്കാലം ആകുമ്പോൾ ചോർന്നൊലിച്ച് ബുക്ക് ഡിപ്പോയുടെ അവസ്ഥ ശോചനീയമാകും. ഈ കെട്ടിടത്തിന്റെ ഉള്ളിലാണ് ജില്ലാ പാഠപുസ്തക ഡിപ്പോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കെട്ടിടം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അപേക്ഷ നൽകിയിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല.