മലയാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ്. തന്റെ അശ്രദ്ധ മൂലമാണ് ഇത് സംഭവിച്ചത്, സംഭവത്തില്‍ ഖേദിക്കുന്നു, ഇനി ഇത് ആവർത്തിക്കില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
ഇന്നലെ രാവിലെ പത്തു മണി മുതൽ 10 മിനിറ്റ് മാധ്യമ പ്രവർത്തകര്‍ക്ക് അമ്മയുടെ യോഗം നടക്കുന്നതിനിടെ ചിത്രങ്ങൾ പകർത്താനുള്ള അനുവാദം മുൻകൂറായി ലഭിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർ എത്തിയപ്പോൾ വളരെ മോശമായ രീതിയിലായിരുന്നു സംഘാടകര്‍ പെരുമാറിയതെന്നാണ് പരാതി. കൺവെൻഷൻ സെന്ററിന്റെ പുറത്തെ റോഡിൽ വെച്ച് തന്നെ മാധ്യമ പ്രവർത്തകരെ ബൗൺസർമാരെ ഉപയോഗിച്ച് തടഞ്ഞു. 2 മണിക്കൂറോളം മഴയത്ത് മാധ്യമ പ്രവർത്തകർക്ക് കാത്തു നില്‍ക്കേണ്ടി വന്നു. ഒടുവിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് ഉള്ളിൽ കടക്കാനുള്ള അനുവാദം നൽകിയത്.
ഇടവേള ബാബുവിന്റെ പിൻഗാമിയായാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ് എത്തുന്നത്. പ്രസിഡണ്ടായി മോഹന്‍ലാലിനെയും
ട്രഷററായി ഉണ്ണി മുകുന്ദനെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷും ജയൻ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരെ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വർ എന്നിവര്‍ മത്സരിച്ചിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിനായിരുന്നു ലഭിച്ചത്.