ടി പി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ, ‘ഹൈക്കോടതി വിധി റദ്ദ് ചെയ്യണം’

ദില്ലി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെഇരട്ട ജീവപര്യന്തം വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഗൂഢാലോചന കുറ്റത്തിൽ ഹൈക്കോടതി ഇവർക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നതാണ് പ്രതികളുടെ ആവശ്യം. കഴിഞ്ഞ 12 വ‍ർഷമായി തങ്ങൾ ജയിലിലാണെന്ന്
പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

4 പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാർശയിൽ വിവാ​ദങ്ങൾ കനക്കുന്നതിനിടെയാണ് പ്രതികളുടെ അപ്പീല്‍ നീക്കം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് ടി.പി വധക്കേസിലെ പ്രതികളുടെ പേര് ഹൈക്കോടതി വിധിക്കെതിരായി ഉൾപ്പെടുത്തിയത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് ട്രൗസര്‍ മനോജ് എന്നിവരെയാണ് ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാൽ ശുപാർശ വിവാദമായതോടെ മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് സര്‍ക്കാര്‍ മുഖം രക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.