മസ്തിഷ്ക ജ്വരം സംശയം; കോഴിക്കോട് അച്ചൻ കുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

കോഴിക്കോട് : ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻ കുളത്തിൽ കുളിച്ച 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയത്തില്‍ ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ അച്ചൻ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആശ വർക്കർമാർ ശേഖരിച്ച് വരികയാണ്. രാമനാട്ടു നഗരസഭയിൽ സ്ഥിതി ചെയ്യുന്ന അച്ചൻ കുളം 24 ഡിവിഷൻ പരിധിയിലാണ് വരുന്നത്.

കഴിഞ്ഞ പതിനാറാം തീയ്യതി മുതൽ കുളം ഉപയോഗിച്ചവരുടെ വിവരമാണ് ശേഖരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നീന്തൽ പരിശീലിക്കാനും കുളിക്കാനും ആയി നൂറു കണക്കിന് ആളുകളാണ് ദിവസേന ഈ പൊതുകുളം ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂർ തോട്ടടയിലെ ദക്ഷിണ എന്ന പതിമൂന്നു വയസ്സുകാരിയും , മെയ് അവസാന വാരത്തിൽ മലപ്പുറം സ്വദേശിയായ അഞ്ചു വയസ്സുകാരിയും മസ്തിഷ്ക ജ്വരം കാരണം മരിച്ചിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് മരിച്ച അഞ്ചു വയസ്സു കാരിയുടെ ശരീരത്തില്‍ മസ്തിഷ്ക ജ്വരത്തിന് കാരണമായ അമീബിയ പ്രവേശിച്ചതെന്നാണ് സംശയം. കണ്ണൂർ തോട്ടടയിലെ പതിമൂന്നു വയസ്സുകാരി സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയപ്പോൾ പൂളിൽ കുളിച്ചതിനെ തുടർന്നാണ് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നാണ് നിഗമനം. മെയ് 8 നാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്, ഇതേ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മസ്തിഷ്ക ജ്വരത്തിന്റെ കേസുകൾ സംസ്ഥാനത്ത് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.