ഐസ്ക്രീമിലെ വിരൽ, ഐസ്ക്രീം നിർമ്മിച്ച ജീവനക്കാരന്റേത്.

മുംബൈയിലെ ഡോക്ടർക്ക് ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കിട്ടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. വിരൽ ഐസ്ക്രീം നിർമ്മിച്ച ഫാക്ടറി ജീവനക്കാരന്റെത് ആണെന്നാണ് പോലീസിന്റെ നിഗമനം. ഐസ്ക്രീം നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ തു ജീവനക്കാരന് വിരൽ നഷ്ടപ്പെട്ടെന്നും, ഡോക്ടർ വാങ്ങിയ ഐസ്ക്രീം ഉണ്ടാക്കിയ അതേ ദിവസമാണ് അപകടം നടന്നതെന്നുമാണ് പോലീസിന്‍റെ കണ്ടെത്തൽ. എന്നാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരാന്‍ ഡി. എൻ.എ പരിശോധന നടത്തണമെന്നാണ് പോലീസ് പറയുന്നത്. ഇതിനുവേണ്ടി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബിൽ നിന്ന് റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ തുടർ നടപടികളിലേക്ക് കടക്കാൻ ആകൂ.

മുംബൈ സ്വദേശിയായ ഡോക്ടർ ഒർലേം ബ്രെൻഡൻ സെറാവോ കഴിഞ്ഞ ആഴ്ചയാണ് കോൺ ഐസ്ക്രീം ഓൺലൈൻ ആയി ഓർഡർ ചെയ്തത്. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ മനുഷ്യന്‍റെ വിരൽ കഷണം കണ്ടെത്തിയതിന് തുടർന്ന് പരാതിയുമായി ഡോക്ടർ രംഗത്തെത്തി.സെപ്റ്റോ ആപ്പിലൂടെയാണ് യമ്മോ ബ്രാൻഡിന്റെ മൂന്ന് കോൺ ഐസ്ക്രീമുകള്‍ വാങ്ങിയത്. അതിലെ ഒരു ഐസ്ക്രീമിൽ ആണ് മനുഷ്യ വിരൽ കഷ്ണം കണ്ടെത്തിയത്.

‘ഐസ്ക്രീം കഴിക്കുന്നതിനിടയിൽ വിരൽ നാവിൽ തട്ടിയപ്പോൾ അത് ചോക്ലേറ്റോ ,നട്ട്സോ ആയിരിക്കും എന്നാണ് വിചാരിച്ചത്. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് വിരലടയാളവും നഖവും ശ്രദ്ധയിൽപ്പെട്ടത്. അതിന് തള്ളവിരലിനോട് സാമ്യമുണ്ടെന്നും’ പോലീസിന് കൊടുത്ത മൊഴിയിൽ ഡോക്ടർ പറയുന്നു.