ഇപ്പോൾ വിവാദത്തിനുള്ള സമയമല്ല; കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടെന്ന് മുഖ്യമന്ത്രി

കൊച്ചി: കുവൈത്തിലെ ദുരന്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമാണെന്നും, ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടെന്നും മുഖ്യമന്ത്രി. മന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാന്‍ അനുമതി നല്‍കാതിരുന്നത് ശരിയായ നടപടിയല്ല, എങ്കിലും ഈ സമയത്ത് അത് വിവാദമാക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

അപകടത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ കുറ്റമറ്റ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍ പോയി ഏകോപനം നിര്‍വഹിച്ചു. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യാ സര്‍ക്കാര്‍ കുവൈത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു