കണ്ണീരിൽ കുതിർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം

കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതു ദര്‍ശനത്തിന് വെച്ചു. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് പോയി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയും കീര്‍ത്തി വര്‍ധന്‍ സിങ്ങും പ്രതിപക്ഷ നേതാവും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം.

പൊതുദര്‍ശനത്തിനു ശേഷം 12.30ഓടെ ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. ഓരോ ആംബുലന്‍സിനെയും ഒരു അകമ്പടി വാഹനം അനുഗമിക്കുന്നുണ്ട്. തമിഴ്നാട്ടുകാരായ 7 പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേക വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടികള്‍ വിമാനത്താവളത്തിലേക്ക് മാറ്റി. കസ്റ്റംസ് ക്ലിയറന്‍സിനുശേഷം വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു പൊതുദര്‍ശനവും അന്തിമോപചാര സമര്‍പ്പണവും.